പ്രശ്നം അച്ഛനാണ്
പ്രശ്നം അച്ഛനാണ്
പ്രിയദര്‍ശന്‍
സത്യത്തില്‍ കരയേണ്ട കാര്യമില്ല. പക്ഷേ, അന്നുരാത്രി വീട്ടില്‍ വല്ലാതെ ഒറ്റപ്പെട്ടതായി തോന്നി. കണ്ണ് നിറയുകയും രാത്രി ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും ചെയ്ത്. അച്ഛന്‍ എന്നെയോര്‍ത്ത് എത്രയേറെ സങ്കടപ്പെട്ടിട്ടുണ്ടാവും എന്ന് അന്ന് മനസ്സിലായി.
മകള്‍ പ്ലസ് ടുവിന് ശേഷം അമേരിക്കയില്‍ പഠിക്കാന്‍ പോയ ദിവസമായിരുന്നു അത്. ഭാര്യ ലിസിയും കൂടെപ്പോയിട്ടുണ്ട്. യാത്ര പറയുമ്പോഴൊന്നും വലിയ പ്രയാസം തോന്നിയില്ല. പക്ഷേ ഇരുട്ടുന്തോറും വല്ലാത്തൊരു വിങ്ങല്‍ കൂടിക്കൂടി വന്നു. പ്ലസ് ട കഴിഞ്ഞ കുട്ടി അറിയാത്ത ദേശത്ത് പരിചയമില്ലാത്തവരുടെ കൂടെ ഒറ്റയ്ക്ക് നാലുവര്‍ഷം താമസിക്കാന്‍ പോവുകയാണ്. ഹോസ്റ്റലിലെ ഒരു കൊച്ചുമുറിയിലെ ബങ്കുബെഡായിരിക്കും ഇനി അവളുടെ ലോകം. മൈനസ് 20 ഡിഗ്രി വരെ താഴുന്ന തണുപ്പും പിന്നീട് ചൂടും അവളെ കാത്തുനില്‍ക്കും. രണ്ടുതവണ കൂടുതല്‍ തുമ്മിയാല്‍ ലിസി പുറകെ നടന്ന് അവളെ ആശ്വസിപ്പിക്കുമായിരുന്നു. ബ്രഡും ഓംലറ്റും മാത്രം ഉണ്ടാക്കാന്‍ അറിയാവുന്നൊരു കുട്ടി. അലക്കിത്തേച്ച ഉടുപ്പുകള്‍ അലമാരയില്‍ നിന്ന് എടുത്തണിഞ്ഞാണ് ശീലം. ഇനി പാചകവും ഭക്ഷണവും വസ്ത്രമലക്കും എല്ലാം തനിയെ ചെയ്യണം.
എന്റെ മകന്‍റെ ഏറ്റവും വലിയ സുഹൃത്താവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എനിക്ക് ക്രിക്കറ്റ് ലഹരിയാണ്. അവന് ഫുട്ബോളും. അവനോടു സംസാരിച്ചിരിക്കാന്‍ വേണ്ടി മാത്രം ഞാന്‍ ഫുട്ബോള്‍ കളിയിലെ വാര്‍ത്തകളും മത്സരങ്ങളും ശ്രദ്ധിച്ചു. പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ തോന്നി അവനോടു സംസാരിക്കാന്‍ വേണ്ടി ഫുട്ബോള്‍ പഠിച്ച ഒരു മണ്ടനായാണ് അവന്‍ അച്ഛനെ കാണുന്നതെന്ന്. അവന്റെ താല്‍പ്പര്യം അപ്പോഴേയ്ക്കും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയിരുന്നു.
തലമുറകളുടെ വ്യത്യാസം വളരെ വലുതുതന്നെയാണ്. മക്കള്‍ എന്നേ സുഹൃത്തായി ആലോചിച്ചിട്ട് പോലുമില്ല. അവര്‍ക്ക് വേണ്ടത് ഒരച്ഛനെ മാത്രമാണ്. അവരുടെ വഴിമുടക്കാതെ കൂടെ നടക്കുന്നോരാളെ. എനിക്കവരെക്കുറിച്ചു സ്വപ്നങ്ങളുണ്ടാവാം. പക്ഷേ അത് എന്‍റെ മാത്രം സ്വപ്നങ്ങളാണ്.
മകനെ വക്കീലാക്കാന്‍ എന്‍റെ അച്ഛന്‍ മോഹിച്ചു. ഒരുറപ്പുമില്ലാത്ത സിനിമയുടെ ലോകത്തേയ്ക്ക് ഞാന്‍ പോവുമ്പോള്‍ ഒരക്ഷരം എതിര്‍പ്പ് പറഞ്ഞില്ല. പക്ഷേ എത്രത്തോളം വേദനിച്ചിട്ടുണ്ടാവുമെന്ന് ഇപ്പോള്‍ അറിയുന്നു. ഞാന്‍ ചെന്നൈയിലെ ചെറിയ ലോഡ്ജുകളില്‍ തറയില്‍ പായ വിരിച്ചു കിടക്കുന്നതറിഞ്ഞ് അച്ഛന്‍റെ നെഞ്ചുപൊള്ളിയിരിക്കണം. പക്ഷേ എന്‍റെ സ്വപ്നത്തിനുവേണ്ടി അച്ഛന്‍ എല്ലാം സഹിച്ചു.
എന്‍റെ കൂടെ എത്രയോ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ പലരുടെയും പ്രശ്നം അവരുടെ അച്ഛനാണ്. സ്വപ്നങ്ങള്‍ തകര്‍ത്തുകളഞ്ഞ അച്ഛന്മാരാണ് അവരുടെ ഏറ്റവും വലിയ ശത്രു. ജോലി ചെയ്യുന്നതും മദ്യപിക്കുന്നതും സിഗരറ്റ് വലിക്കുന്നതും എല്ലാം അച്ഛനെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ്. മെഡിക്കല്‍ കോളേജിലെ പഠനത്തിനിടയില്‍പ്പോലും സിനിമയിലേക്ക് ഓടിവന്ന കുട്ടികളുണ്ട്. അവരുടെ മനസ്സില്‍ അച്ഛനില്ലാതായിരിക്കുന്നു. ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ അമ്മയോടുപോലും ഒരിറ്റുവാത്സല്യം മിക്കവരിലും ബാക്കിയുണ്ട്.
പ്ലസ് ടു കഴിയുന്നതുവരെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് വിലക്കിയ അച്ഛനെക്കുറിച്ച് ഒരുകുട്ടി എന്നോട് ചോദിച്ചു: `ഇത്രയേറെ എന്നെ വിശ്വാസമില്ലാത്ത ഒരാളുടെ കൂടെ താമസിക്കുന്നത് പോലും എനിക്കാലോചിക്കാനാവുന്നില്ല. ഞാന്‍ അശ്ലീലസൈറ്റുകള്‍ കാണുമെന്ന് അച്ഛന്‍ ഭയക്കുന്നു. ഈ അച്ഛന്‍റെ മകള്‍ കാണില്ലെന്ന വിശ്വാസമല്ലേ ആദ്യം വേണ്ടത്.' സ്വന്തം മക്കളെ വിശ്വസിക്കാത്ത ഒരച്ഛനെ എന്തിനുവേണ്ടി അവര്‍ വിശ്വസിക്കണം. തിരിച്ചറിവിന്‍റെ പ്രായം ചെറുതായിച്ചെറുതായി വരികയാണ്. എന്‍റെ തലമുറ അറിഞ്ഞ പല കാര്യവും അതിലും എത്രയോ നേരത്തെ എന്‍റെ കുട്ടികള്‍ അറിഞ്ഞിരിക്കുന്നു. ഞാന്‍ അറിയാനിരിക്കുന്ന കാര്യങ്ങള്‍ പലതും അവര്‍ക്കിപ്പോള്‍ അറിയാം.
...
വളരെ കുട്ടിക്കാലത്തേ കുട്ടികള്‍ സ്വന്തം ലോകം പണിതുതുടങ്ങിയിരിക്കുന്നു. അച്ഛനെപ്പോലെയാവാന്‍ മോഹിക്കുന്ന കുട്ടികളുടെ കാലം ഇല്ലാതാവുകയാണ്. അച്ഛന്മാരുടെ റോളുതന്നെ മാറിയിരിക്കുന്നു. എന്‍റെ അച്ഛന്‍റെ റോളല്ല ഞാന്‍ എന്ന അച്ഛന്‍റെ. കാലത്തിനൊപ്പം അവരോടൊപ്പം നടക്കുന്ന അച്ഛനെയും അമ്മയെയുമാണ് കുട്ടികള്‍ക്ക് വേണ്ടത്. അവര്‍ ദൂരെപ്പോവുന്തോറും നമ്മുടെ കണ്ണ് നിറയുമായിരിക്കും. പക്ഷേ അവര്‍ക്കിതൊന്നും പ്രശ്നമല്ല. കാരണം അവരുടെ ദൂരം നമ്മുടെ ദൂരത്തെക്കാള്‍ വളരെ അടുത്താണ്. ചെന്നൈ തിരുവനന്തപുരത്തുനിന്ന് ഏറെ ദൂരെയാണെന്ന് എന്‍റെ അച്ഛന് തോന്നിയിരുന്നു. അമേരിക്ക ചെന്നൈയില്‍ നിന്ന് വളരെ ദൂരെയാണെന്ന് എനിക്ക് തോന്നുന്നു. പക്ഷേ എന്‍റെ മോള്‍ക്ക് ഇത് വിളിപ്പാടകലെയാണ്.
* * *
("വഴിമുടക്കാത്ത വഴികാട്ടി" എന്ന പേരില്‍ പ്രിയദര്‍ശന്‍ മലയാള മനോരമയില്‍ എഴുതിയത്. 2011 ഫെബ്രുവരി 3 വ്യാഴം. മനോരമ സൈറ്റ് യൂണിക്കോഡല്ലാത്തതുകൊണ്ട് ടൈപ്പുചെയ്തു കേറ്റി. സംഭവം മിക്കവാറും കാശുകാരുടെ മക്കളെപ്പറ്റിയാണ് പറയുന്നതെങ്കിലും.)